ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് ബിബിഎംപിയുടെ പുതിയ നീക്കം. ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും.
അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് നഗരത്തിലെ കൂടുതൽ കാൻ്റീനുകളിലേക്ക് കിയോസ്കുകൾ എത്തിക്കാൻ ബിബിഎംപി തീരുമാനിച്ചിരിക്കുന്നത്. ഇന്ദിരാ കാൻ്റീൻ മെനു പൂർണമായും ലഭ്യമാകുന്ന തരത്തിലാണ് കിയോസ്കുകൾ ഒരുക്കുക.
ഇതുവഴി ഉപയോക്താക്കൾക്ക് സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്യാനാകും. തുടർന്ന് ലഭ്യമാകുന്ന ടോക്കൺ ഉപയോഗിച്ചു ഭക്ഷണം വാങ്ങാം. കിയോസ്കുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം വളരെ ഫലപ്രദമാണെന്നും നഗരത്തിലെ എല്ലാ കാൻ്റീനുകളിലേക്കും കിയോസ്കുകൾ എത്തിക്കാനാണ് പദ്ധതിയെന്നും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകാർ വികാസ് കിഷോർ പറഞ്ഞു.
അതേസമയം ഇന്ദിരാ കാൻ്റീൻ ഉപയോക്താക്കളുടെ എണ്ണത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരിയിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 12 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.