ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ബെംഗളൂരു സിഐഡി ഓഫീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ സെക്ഷൻ സൂപ്രണ്ടായ ആർപിസി ലേഔട്ടിലെ അനിത (42), സഹായി രാമചന്ദ്ര ഭട്ട് (56) എന്നിവരാണ് പിടിയിലായത്.
സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് ചിക്കമഗളൂരു കല്യാണനഗർ സ്വദേശി സുനിൽ നൽകിയ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് ഇരുവരും സുനിലിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
2021ൽ സുഹൃത്തായ മഞ്ജുനാഥ് വഴിയാണ് സുനിലിനെ രാമചന്ദ്ര ഭട്ട് പരിചയപ്പെടുന്നത്. കെപിഎസ്സിയിലെയും സർക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്ന അനിതയെ അറിയാമെന്ന് ഭട്ട് പറഞ്ഞിരുന്നു. പിന്നീട് സുനിലിനോട് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വൻതുക ആവശ്യപ്പെട്ടു.
അനിതയെ കണ്ട സുനിലിനെ ഭട്ട് സിഐഡി ഓഫീസിലേക്ക് പലതവണ വിളിച്ചുവരുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻ്റ് എൻജിനീയർ തസ്തിക നൽകാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ ഇരുവരും ആവശ്യപ്പെട്ടു.
2021 ഡിസംബറിലും 2022 ഫെബ്രുവരിയിലും സുനിൽ പണം നൽകിയെങ്കിലും ജോലി ലഭിച്ചില്ല. പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് സുനിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.