ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. ബീൻസിനും കാരറ്റിനുമെല്ലാം വില കുതിച്ചുയരുകയാണ്. ഒരു കിലോ ബീൻസിന് വില 250 രൂപയാണ് ഇപ്പോൾ. കാരറ്റിന് കിലോയ്ക്ക് 100 രൂപയായി. കഴിഞ്ഞ കുറച്ചുനാളുകളായി വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്തിടെ പെയ്ത മഴ കനത്ത വിളനാശവും ഉണ്ടാക്കി.
ബീൻസിന് 250, കാരറ്റ് 100, കാപ്സികം 90, വഴുതിന 85, മല്ലിയില 60, ചീര 50, കാബേജ് 150, തക്കാളി 70 എന്നിങ്ങനെയാണ് വിപണി വില. ചില്ലറ വിൽപ്പനക്കാർ ഇതിലും വിലകൂട്ടിയാണ് പച്ചക്കറി വിൽക്കുന്നത്.
മാർച്ച് മുതൽ പച്ചക്കറി വിലയിൽ വർധനയുണ്ടായിട്ടുണ്ട്. കടുത്ത വേനലാണ് വിലക്കയറ്റത്തിന് അന്ന് കാരണമായി വ്യാപാരികൾ പറഞ്ഞിരുന്നത്. വേനലിൽ വേണ്ടപോലെ വിളവ് ലഭിച്ചിരുന്നില്ല. ഇപ്പോൾ കാലവർഷം നേരത്തെ എത്തിയതോടെ കനത്ത മഴയും വിളവിനെ ബാധിച്ചിരിക്കുകയാണ്.
കാലവർഷം തുടങ്ങുന്നതിനു മുമ്പ് വിവാഹങ്ങൾ നടക്കുമെന്നതിനാൽ ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിലും ഡിമാൻഡ് വളരെ കൂടുതലുമായിരുന്നു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.