റോഡിലെ കുഴികൾ കണ്ടെത്താൻ എഐ കാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തും

ബെംഗളൂരു: റോഡിലെ കുഴികൾ വേഗത്തിൽ കണ്ടെത്തുന്നതിനു എഐ കാമറ സ്ഥാപിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ബിബിഎംപി അറിയിച്ചു. എഐ കാമറ ഘടിപ്പിച്ച വാഹനം ഉപയോഗിക്കുന്നത് വഴി വളരെ ചെറിയ കുഴികൾ പോലും കണ്ടെത്താൻ സാധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
മഴക്കാലം വരുന്നതും വലിയ വാഹനങ്ങളുടെ സഞ്ചാരവുമെല്ലാം റോഡിലെ കുഴികൾ വർധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നം പെട്ടെന്ന് പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ് ബിബിഎംപി കമ്മീഷണർ അറിയിച്ചു.
എഐ കാമറ ഉപയോഗിച്ച് തിരിച്ചറിയുന്ന കുഴികൾ പെട്ടെന്ന് അടച്ച് പ്രശ്നം പരിഹരിക്കുന്നതിനാണ് പദ്ധതി. നഗരത്തിൽ വാർഡ് മേഖലകളിലെ ആകെയുള്ള 1344 കി.മീ റോഡിൽ 5600 കുഴികളാണ് കഴിഞ്ഞ ആഴ്ച്ച ബിബിഎംപി അധികൃതർ തിരിച്ചറിഞ്ഞത്. ഇതിൽ 1500 കുഴികൾ ഇതിനകം തന്നെ അടച്ചുകഴിഞ്ഞു.
ജൂൺ നാലിന് മുമ്പ് ബാക്കിയുള്ള കുഴികളും അടക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്ന് ബിബിഎംപി ചീഫ് കമ്മീഷർ തുഷാർ ഗിരി നാഥ് പറഞ്ഞു. ആർആർ നഗറിലും ദാസറഹള്ളി മേഖലയിലും 1200 കുഴികൾ വീതം കണ്ടെത്തിയിട്ടുണ്ട്. ജൂൺ നാല് വരെയാണ് ഇവ അടക്കാനുള്ള സമയം നൽകിയിരിക്കുന്നത്. മറ്റു മേഖലകളിൽ മെയ് 31-ന് മുമ്പായി കുഴികളെല്ലാം അടക്കുമെന്ന് ഗിരിനാഥ് പറഞ്ഞു.