യുവതിക്ക് നേരേ ലൈംഗികാതിക്രമം; വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ

ബെംഗളൂരു: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ. ബേഗൂരിൽ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടർ പ്യൂരിഫയർ സർവീസിനെത്തിയ ടെക്നീഷ്യൻ അതിക്രമം കാട്ടിയത്.
സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് പ്യൂരിഫയർ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനൽകി. തുടർന്ന് ടെക്നീഷ്യൻ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു.
ടെക്നീഷ്യനെ ജോലി ഏൽപ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യൻ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടൻതന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതിൽ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.