ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 52കാരി പിടിയിൽ. മുരുഗേഷ്പാളയയിലാണ് സംഭവം. മഞ്ജു നായിക് (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പങ്കാളി പ്രേമയാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മഞ്ജുവിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
പോലീസ് എത്തി പരിശോധിച്ചപ്പോൾ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തി. പ്രേമയ്ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. 20 വർഷത്തോളമായി ഇരുവരും ദമ്പതികളായി ജീവിക്കുകയായിരുന്നു. ഏപ്രിൽ 26ന് മഞ്ജു മദ്യപിച്ചെത്തിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കുതർക്കത്തിനിടെ പ്രേമയെ മർദിക്കാൻ തുടങ്ങി. നായിക് കത്തിയുമായി ആക്രമിക്കാൻ വന്നപ്പോൾ തൂവാല കൊണ്ട് നായിക്കിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രേമ പോലീസിനോട് പറഞ്ഞു. മൃതദേഹം വീട്ടിനുള്ളിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവിൽ പ്രേമ വിഷാദ അവസ്ഥയിലാണെന്നും ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യൽ തുടരുമെന്നും പോലീസ് പറഞ്ഞു.