കോൺഗ്രസിൻ്റെ പ്രകടന പത്രികയ്ക്കെതിരെ വിദ്വേഷ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോൺഗ്രസ് പ്രകടനപത്രികയ്ക്കെതിരായ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഗോവ സ്വദേശി വിനിത് നായിക് ആണ് അറസ്റ്റിലായത്. എക്സ് അക്കൗണ്ടായ ഭിക്കു മ്ത്രെയിലൂടെയാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്.
കർണാടകയിലെ ശ്രീരാംപുരയിൽ നിന്നുള്ള ശരവണൻ എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ 22നും ഏപ്രിൽ 29നും ഇടയിൽ വിനിത് നായിക് വിദ്വേഷം നിറഞ്ഞ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. എസ്സി/എസ്ടി ഉൾപ്പെടെയുള്ള ഹിന്ദുക്കളെ കോൺഗ്രസ് വെറുക്കുന്നതിനാൽ ഹിന്ദുക്കളിൽ നിന്ന് സ്വത്ത് തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് വിതരണം ചെയ്യാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് പോസ്റ്റിൽ ആരോപിച്ചു. കർണാടക മുഖ്യമന്ത്രി പ്രസംഗിക്കുന്ന ചിത്രവും വിനിത് നായിക് പോസ്റ്റിനോപ്പം ഷെയർ ചെയ്തിരുന്നു.
ഇത്തരം പോസ്റ്റുകൾ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ വിദ്വേഷം വളർത്തുന്നതും സമൂഹത്തിൽ അശാന്തി ഉണ്ടാക്കുന്നതും കോൺഗ്രസിൻ്റെ സൽപ്പേരിന് ഹാനികരവുമാണെന്ന് പരാതിയിൽ ആരോപിച്ചു.