കനത്ത മഴ; ബെംഗളൂരുവിൽ ഒറ്റദിവസം 21 മരങ്ങൾ കടപുഴകി

ബെംഗളൂരു: ബെംഗളൂരുവിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ 21 മരങ്ങൾ കടപുഴകി. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ ശക്തമായ മഴയാണ് ലഭിച്ചത്. 59 റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു.
നിലവിൽ മഴ പെയ്യുമ്പോഴെല്ലാം നഗരത്തിൽ മരം കടപുഴകി വീഴുന്നത് സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബുധനാഴ്ച മാത്രം എല്ലാ സോണുകളിൽ നിന്നും മരം പൊട്ടിവീണതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ട്. വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മാത്രം മരം കടപുഴകി വീണതുമായി ബന്ധപ്പെട്ട് മൊത്തം 983 പരാതികളാണ് ലഭിച്ചത്. റോഡുകളിൽ മരങ്ങളോ കൊമ്പുകളോ വീണാൽ 1533 എന്ന നമ്പറിൽ അറിയിക്കാൻ ബിബിഎംപി നിർദേശിച്ചു.