മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിച്ചു; അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പുട്ടനഹള്ളിയിലാണ് സംഭവം. സർജാപുരയിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബി. യശ്വന്ത് (24) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബസവരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ 10 മണിയോടെ ബസവരാജും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ ബസവരാജ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യശ്വന്ത് വിഷയത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രകോപിതനായ ബസവരാജ് മകനെ കുത്തുകയായിരുന്നു.
യശ്വന്തിനെ ഉടൻ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ ആണ് പോലീസിനെ വിവരമറിയിച്ചത്.
ബസവരാജും ഭാര്യയും തമ്മിൽ നിസ്സാര കാര്യങ്ങളുടെ പേരിലും ബസവരാജിൻ്റെ അമ്മയെ പരിചരിക്കുന്നതിൻ്റെ പേരിലും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും, സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതായും പോലീസ് പറഞ്ഞു.