മണ്ണിടിച്ചിൽ; രക്ഷാദൗത്യത്തിനായി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്ററും

ബെംഗളൂരു: ഉത്തര കന്നഡ അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യത്തിനായി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ ദൗത്യത്തിനായി എത്തുന്നത്. ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്.
കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ട ഏരിയൽ സർവേ വൈകിട്ട് അഞ്ച് മണിയോടെ നടത്തും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യന്ത്രവും ഷിരൂരിലെത്തിച്ചു. നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്.
ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തിരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് പ്രാഥമിക നിഗമനം. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Helicopter to come up for rescue operation at ankola landslide