മണ്ണിടിച്ചിൽ; ഗംഗാവലി നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ മഴയും പുഴയിലെ കുത്തൊഴുക്കും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്.
സിഗ്നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്. ഇക്കാരണത്താൽ സിഗ്നൽ ലഭിച്ച ഭാഗത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകിട്ടോടെ സ്കാനിങ് വിവരങ്ങൾ ലഭ്യമാകും. ഇതോടെ കൂടുതൽ വ്യക്തത വരും. ഈ സിഗ്നൽ കേന്ദ്രീകരിച്ചും തിരച്ചിൽ ശക്തമാക്കുമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.
നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.
ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation underway for arjun, new signal found