ഒളിമ്പിക്സ്; ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് നിരാശ

പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളായ മലേഷ്യയുടെ ആരൺ ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് പരാജയം. ആദ്യ ഗെയിം നേടിയ ഇന്ത്യൻ താരങ്ങൾ തുടർന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി (1-2).
സമ്മർദ്ദമേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-13ന് ഇന്ത്യ കാര്യമായ വെല്ലുവിളികളില്ലാതെ നേടിയിരുന്നു. എന്നാൽ രണ്ട്, മൂന്ന് ഗെയിമുകളിൽ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ മലേഷ്യൻ താരങ്ങൾ തിരിച്ചുവരവ് നടത്തി. ഇതോടെ 14-21, 16-21 എന്ന സ്കോറിന് തകർന്ന് അവസാന നാലിൽ ഇടംപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. എങ്കിലും ഒളിമ്പിക്സ് ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.
2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ പരുപ്പള്ളി കശ്യപ് ക്വാർട്ടറിലെത്തിയിരുന്നു. ആരോൺ ചിയ-സൊ വൂയ് സഖ്യത്തിന് ഇനി സെമി ഫൈനലിൽ നേരിടേണ്ടത് ലോക ഒന്നാം നമ്പർ ജോഡികളായ ചൈനയുടെ ലിയാങ് വെ-വാങ് ചാങ് സഖ്യവുമായാണ്.
TAGS: OLYMPICS | BADMINTON
SUMMARY: Paris Olympics 2024: India’s top badminton pair Satwik-Chirag suffer shock elimination in quarter-finals