മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിക്കും വ്യവസായി പ്രശാന്ത് രങ്കയ്ക്കുമെതിരായ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ഇരുവരും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായോ, മയക്കുമരുന്ന് വിറ്റതായോ ഉള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ നിരീക്ഷിച്ചു.
2020 സെപ്റ്റംബർ നാലിനു രജിസ്റ്റർ ചെയ്ത നിശാപാർട്ടി കേസിലാണ് രാഗിണിയേയും, പ്രശാന്തിനെയും പോലീസ് പ്രതി ചേർത്തത്. കേസിൽ നടി സഞ്ജന ഗൽറാണിയും അറസ്റ്റിലായിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കന്നഡ സിനിമാലോകത്തേക്ക് മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നത്. നടി രാഗിണി ദ്വിവേദി, ബിസിനസുകാരൻ പ്രശാന്ത് രംഗ എന്നിവരെ കൂടാതെ ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ, രാഹുൽ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.
രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരുന്നത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court quashes drugs case against actress Ragini Dwivedi