കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ മെയ് 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകും. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ബുധനാഴ്ചയും നഗരത്തിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചിരുന്നു.
രാത്രി 8.30 വരെ ബെംഗളൂരുവിൽ 17.99 മില്ലിമീറ്റർ മഴയും എച്ച്എഎൽ വിമാനത്താവളത്തിൽ 5.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. രാമനഗരയിൽ 18 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ദൊഡ്ഡബിദരകല്ലുവിൽ 66 മില്ലീമീറ്ററും നയന്ദഹള്ളിയും 51.50 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. നഗരത്തിലെ 22 വാർഡുകളിലെങ്കിലും 10 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ആർആർ നഗർ സോണിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ദാസറഹള്ളിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്.