കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ കനകപുര റോഡിലെ കഗ്ഗലിപുരയ്ക്കടുത്തുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. കനകപുര ഡിപ്പോയുടെ (കെഎ 57 എഫ് 2739) മലവള്ളിയിൽ നിന്ന് കലാശിപാളയത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 6.30 ഓടെ അപകടത്തിൽപ്പെട്ടത്.
സ്റ്റിയറിംഗ് ലോക്ക് ആകുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതോടെ ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ബസിൻ്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നു. എന്നാൽ ആർക്കും കാര്യമായ പരുക്കില്ല. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കഗ്ഗലിപുര പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.