ഐപിഎല്ലിനിടെ വിളമ്പിയത് പഴകിയ ഭക്ഷണം; യുവാവിന് ഭക്ഷ്യവിഷബാധയേറ്റു

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്ക് പഴകിയ ഭക്ഷണം വിളമ്പിയെന്ന് പരാതി. മത്സരം കാണാനെത്തിയ യുവാവിന്റെ പരാതിയിൽ ബെംഗളൂരു പോലീസ് കേസെടുത്തു. 30കാരനായ ചൈതന്യയാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്‌മെൻ്റിനെതിരെ പരാതി നൽകിയത്.
മെയ് 12ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. കെഎസ്‌സിഎ മാനേജ്‌മെൻ്റിനും കാൻ്റീന് മാനേജർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. സുഹൃത്ത് ഗൗതമിനൊപ്പം സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയതായിരുന്നു പരാതിക്കാരനായ ചൈതന്യ. മത്സരത്തിനിടെ സ്റ്റാൻഡിലെ കാൻ്റീനിൽ നിന്ന് ചൈതന്യ ഭക്ഷണം കഴിച്ചു.
നെയ് ചോറ്, ഇഡ്ഡലി, ചന്ന മസാല , കട്ലറ്റ്, റൈത്ത, ഡ്രൈ ജാമൂൻ എന്നിവയാണ് കഴിച്ചത്. ഭക്ഷണം കഴിച്ച് അൽപസമയത്തിനകം ചൈതന്യയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് ചൈതന്യ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ സ്റ്റേഡിയം ജീവനക്കാരുടെ സഹായത്താൽ സ്റ്റേഡിയത്തിന് പുറത്ത് ആംബുലൻസിൽ കയറ്റി പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയായിരുന്നു.