വൈദ്യുത നിലയത്തിൽ നിന്ന് 130 അടി താഴേക്ക് വീണ തൊഴിലാളി മരിച്ചു

ബെംഗളൂരു: കേബിളുകൾ സ്ഥാപിക്കുന്നതിനിടെ കുഡ്ഗി താപവൈദ്യുത നിലയത്തിലെ ചിമ്മിനിയിൽ 130 അടി താഴ്ചയിൽ വീണ് തൊഴിലാളി മരിച്ചു. കിഷൻ കുമാർ ഭരദ്വാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) കീഴിൽ സ്വകാര്യ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇതേതുടർന്ന് തെർമൽ പവർ പ്ലാൻ്റ് ജീവനക്കാർ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പവർ സ്റ്റേഷനിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും സ്വീകരിക്കാത്തതാണ് കിഷന്റെ മരണത്തിനു കാരണമെന്ന് തൊഴിലാളികൾ ആരോപിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച എൻടിപിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി.