പണത്തിനായി വീട്ടുടമസ്ഥയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

ബെംഗളൂരു: വായ്പ തിരിച്ചടക്കാനുള്ള പണത്തിനായി വീട്ടുടമസ്ഥയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. കെംഗേരി പോലീസ് പരിധിയിലെ കോണസാന്ദ്രയിലാണ് സംഭവം. ദിവ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോണിക്ക (24) അറസ്റ്റിലായി. കോലാർ ജില്ലക്കാരിയായ മോണിക്ക കഴിഞ്ഞ ഒരു വർഷമായി നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ്.
തൻ്റെ ആഡംബര ജീവിതത്തിനായി മോണിക്ക വൻ തുക വായ്പ എടുത്തിരുന്നു. തിരിച്ചടവിനായി ദിവ്യയുടെ ആഭരണങ്ങൾ വിൽക്കാനാണ് മോണിക്ക പദ്ധതിയിട്ടിരുന്നത്. ദിവ്യയുടെ ഭർത്താവ് ഗുരുമൂർത്തി കെംഗേരി സാറ്റലൈറ്റ് ടൗണിലെ ശിവനപാളയയിൽ സലൂൺ നടത്തുകയാണ്. ഗുരുമൂർത്തി ജോലിക്ക് പോയാൽ ദിവ്യ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഇതറിയാവുന്ന മോണിക്ക കഴിഞ്ഞ ദിവസം ഉച്ചയോടെ ദിവ്യയെ കൊലപ്പെടുത്തി 36 ഗ്രാം സ്വർണമാല തട്ടിയെടുത്തു. എന്നാൽ സിസിടിവി കാമറയിൽ കൊലപാതക ദൃശ്യം പതിഞ്ഞതോടെ പോലീസ് മോണിക്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു.