തടാകത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിൽ തടാകത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾ മുങ്ങിമരിച്ചു. ആലുക്ക് താലൂക്കിലെ തിമ്മനഹള്ളി വില്ലേജിലുള്ള ജീവൻ (13), സാത്വിക് (11), വിശ്വ (12), പൃഥ്വി (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ചിരാഗ് (10) രക്ഷപ്പെട്ടു. വേനലവധിക്ക് സ്കൂളുകൾക്ക് അവധിയായതിനാൽ കളിക്കുന്നതിനിടെ തടാകത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.
നാലുപേരും മുങ്ങാൻ തുടങ്ങിയ ഉടൻ ചിരാഗ് നീന്തി കരയിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആളൂർ പോലീസ് കേസെടുത്തു.