കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: രാമനഗരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. എട്ടംഗ കുടുംബത്തോടൊപ്പം ജുമ നമസ്‌കാരം കഴിഞ്ഞ് അച്ചലു ഗ്രാമത്തിന് സമീപമുള്ള കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. രാമനഗരയിലെ സുൽത്താൻ നഗർ സ്വദേശികളായ ഷഹബാസ് (14), സുൽത്താൻ (13), റിയാൻ ഖാൻ (16) എന്നിവരാണ് മരിച്ചത്. ഷഹബാസും റിയാനും സഹോദരങ്ങളാണ്.
രാമനഗര റൂറൽ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. കുട്ടികൾ മുങ്ങിയത് ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.