യന്ത്രത്തകരാർ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം 2 വിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം യാത്ര റദ്ദാക്കിയിരുന്നു.
ജീവനക്കാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ സാങ്കേതിക തകരാറ് മൂലം യാത്ര മുടങ്ങുന്നത് പതിവായിരിക്കുകയാണ്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടെത്തിയതോടെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ-858 വിമാനം രൺവേയിലൂടെ നീങ്ങിയതോടെ ലഗേജ് ട്രാക്‌ടറിലിടിച്ച് അപകടത്തിൽ പെടുകയും ചെയ്തിരുന്നു.