രാസലഹരി നിർമാണം; രാജ്യാന്തര ശൃംഖലയിലെ പ്രധാനകണ്ണി പിടിയിൽ

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ ബെംഗളൂരുവിൽ പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ് (29) എറണാകുളം റൂറൽ ജില്ലാ പോലീസ് ടീം ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡന്റ് വിസയിൽ ബെംഗളൂരുവിലെത്തിയത്. പിന്നീട് പഠിക്കാൻ പോകാതെ ലഹരിമരുന്ന് വിൽപനയിൽ ഏർപ്പെടുകയായിരുന്നു. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്ന് പോലീസ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം ഇതുവരെ വിൽപന നടത്തിയിട്ടുള്ളത്.
ഗൂഗിൾ പേ വഴി തുക അയച്ചുകൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരൻ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല. മാസങ്ങളോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് റെംഗാര പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.