നാച്വറല്‍ ഐസ്‌ക്രീം കമ്പനി സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് അന്തരിച്ചു

നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മംഗളൂരുവിൽ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വ്യവസായ മേഖലയിലേക്ക് പ്രവേശിച്ചത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.
14-ാം വയസ്സില്‍, പഠനം ഉപേക്ഷിച്ച്, സഹോദരന്റെ ഭക്ഷണശാലയില്‍ ചേര്‍ന്നു. പഴങ്ങളുടെ പള്‍പ്പ് നിറച്ച ഐസ്‌ക്രീം സൃഷ്ടിക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് സഹോദരനൊപ്പം കൂടിയത്. 1984ല്‍ മുംബൈയിലേക്ക് താമസം മാറിയ അദ്ദേഹം ജുഹു ബീച്ചിനോട് ചേര്‍ന്ന് ആദ്യത്തെ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു. ആറു ജീവനക്കാരുമായാണ് സ്ഥാപനം തുടങ്ങിയത്. 12 ഫ്‌ലേവറുകളിലുള്ള ഐസ്‌ക്രീമാണ് വില്‍പ്പനയ്ക്ക് വച്ചത്.
പിന്നീട് ആവശ്യക്കാർ വര്‍ധിച്ചതോടെ, 1994ല്‍ അദ്ദേഹം അഞ്ച് ഔട്ട്ലെറ്റുകള്‍ കൂടി തുറന്നു. നിലവില്‍, 15 നഗരങ്ങളിലായി 165ലധികം ഔട്ട്ലെറ്റുകള്‍ കമ്പനിക്ക് ഉണ്ട്. വ്യവസായ രംഗത്തുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.