കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണം; പ്രജ്വൽ കേസിൽ പ്രതികരിച്ച് ദേവഗഗൗഡ

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും, ജെഡിഎസ് നേതാവുമായ എച്ച്. ഡി. ദേവഗൗഡ. പ്രജ്വലിനെതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ മകനും ജെഡിഎസ് എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണയ്‌ക്കെതിരായ ലൈംഗികപീഡന കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കെട്ടിച്ചമച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി തകര്‍ക്കാനും ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിൽ പല ഉന്നതർക്കും പങ്കുണ്ട്. എല്ലാ തെളിവുകളും പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
400ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പായി പ്രചരിച്ചിരുന്നു. ഏപ്രില്‍ 27-നാണ് പ്രജ്വൽ വിദേശത്തേക്ക് കടന്നത്. ഇതുവരെ രണ്ട് തവണ ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും അവയെല്ലാം പ്രജ്വൽ റദ്ദാക്കിയിരുന്നു.