ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ മുൻ കര്‍ണാടക മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയ്ക്ക് ജാമ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള കോടതി ജസ്റ്റിസ് പ്രീത് ജെ. ആണ് രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
എച്ച്.ഡി. രേവണ്ണയ്ക്കും മകനും ഹാസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും കഴിഞ്ഞ മാസം 28നാണ് ഹോളനരസിപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ ഏപ്രിൽ 27ന് ജർമ്മനിയിലേക്ക് പ്രജ്വല്‍ രേവണ്ണ കടന്നുകളഞ്ഞു. ലൈംഗികാതിക്രമ കേസിൽ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.