ഐപിഎൽ 2024; ഹൈദരാബാദിനെ എറിഞ്ഞിട്ടു, കൊൽക്കത്ത ഫൈനലിൽ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ 2024 ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം ക്വാളിഫയര്‍ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159ന് ഓള്‍ഔട്ടായപ്പോള്‍ കെകെആര്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടിയ കെകെആര്‍ രണ്ടാം സ്ഥാനക്കാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണ് സണ്‍റൈസേഴ്‌സിന്റെ പതനത്തിന് കാരണമായത്. 160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കെകെആറിന് റഹ്‌മാനുല്ല ഗുര്‍ബാസ് (14 പന്തില്‍ 23), സുനില്‍ നരൈന്‍ (16 പന്തില്‍ 21) എന്നിവരുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 58* (24), വെങ്കടേഷ് അയ്യര്‍ 51* (28) എന്നിവര്‍ കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.
ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച അവര്‍ക്ക് പിന്നീട് ഒരു ഘട്ടത്തിലും കരകയറാനായില്ല. മികച്ച ഫോമിലുള്ള രണ്ട് ഓപണര്‍മാരെയും ആദ്യ രണ്ട് ഓവറിനുള്ളില്‍ തിരിച്ചയച്ച് കെകെആര്‍ ഞെട്ടിച്ചു.
മിച്ചല്‍ സ്റ്റാര്‍കിന്റെ മികച്ച പേസ് ബൗളിങാണ് സണ്‍റൈസേഴ്‌സിനെ തളര്‍ത്തിയത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുതു. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.