ഹോപ്കോംസിന്റെ മാമ്പഴ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ഹോർട്ടികൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന്റെ (ഹോപ്കോംസ്) മാമ്പഴമേളയ്ക്ക് തുടക്കം കുറിച്ചു. ബെംഗളൂരു ഹഡ്സൺ സർക്കിളിലാണ് മേള നടക്കുന്നത്. ഹോപ്കോംസ് ചെയർമാൻ ഹാലഡി ഗോപാലകൃഷ്ണ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബദാമി, റാസ്പുരി, തൊട്ടാപുരി, മൽഗോവ, ബെംഗനപ്പള്ളി, കേസർ, മല്ലിക, കലപാട്, സക്കരഗുട്ടി, സിന്ധൂര തുടങ്ങിയ മാമ്പഴ ഇനങ്ങൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഏറ്റവും ആവശ്യക്കാരുള്ള മാമ്പഴ ഇനങ്ങളാണിവ.
അഞ്ചുമുതൽ പത്തുശതമാനംവരെ വിലക്കിഴിവും മേളയിൽ ലഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് എത്തിക്കുന്നവയാണ് മേളയിലുള്ള മാമ്പഴവും ചക്കയുമെന്ന് ഹോപ്കോംസ് അധികൃതർ അറിയിച്ചു. ബെംഗളൂരു റൂറൽ, കോലാർ, രാമനഗര, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് മേളയുടെ കാണാനാകുക. ഇതിനൊപ്പം വ്യത്യസ്ത ഇനങ്ങളിൽ പെട്ട ചക്കയുമുണ്ട്.