സഹതടവുകാരുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായ യുവാവിന് സഹതടവുകാരുടെ ആക്രമണത്തിൽ പരുക്ക്. ജയിൽ ഉദ്യോഗസ്ഥരുടെ കണ്മുമ്പിൽ വെച്ചാണ് ഏഴംഗ തടവുകാർ കലണ്ടറിൻ്റെ റിം ഉപയോഗിച്ച് 33കാരനായ ധനഞ്ജയ രേണുകപ്രസാദിനെ ആക്രമിച്ചത്.
നെറ്റിയിലും കഴുത്തിലും മുതുകിലും പരുക്കേറ്റ ധനഞ്ജയയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ ഉദ്യോഗസ്ഥർ തടവുകാരെ വിവിധ ബാരക്കുകളിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. പ്രതികൾ കലണ്ടറിൽ നിന്ന് റിം അഴിച്ചുമാറ്റി കൈവശം സൂക്ഷിക്കുകയായിരുന്നു. അസിസ്റ്റൻ്റ് സൂപ്രണ്ട് മോഹൻ കുമാർ കെ.എൻ., ജയിലർ കാന്തപ്പ പാട്ടീൽ എന്നിവർ ചേർന്ന് ധനഞ്ജയയെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് ജയിലിലെ എല്ലാ കലണ്ടറുകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വസ്തുക്കളും അധികൃതർ നീക്കം ചെയ്തു. ജയിൽ അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ജയിൽ സൂപ്രണ്ട് മല്ലികാർജുൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പന അഗ്രഹാര പോലീസ് ഏഴ് തടവുകാർക്കെതിരെ കേസെടുത്തു. 2019 ഒക്ടോബറിൽ തടവുകാരിൽ നിന്ന് 37 കത്തികൾ പിടിച്ചെടുത്ത സിസിബിയുടെ റെയ്ഡിനെ തുടർന്ന് ഉദ്യോഗസ്ഥർ ജയിലിൽ നിന്ന് സ്പൂണുകളും മെറ്റൽ പ്ലേറ്റുകളും മഗ്ഗുകളും നിരോധിച്ചിരുന്നു.