ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഫീസ് സമ്പ്രദായത്തിനെതിരെ ക്യാബ് ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് ഫീസ് പിൻവലിക്കാൻ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് തയ്യാറായത്. ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റം വരുത്തിയിരുന്നത്.
കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി ഉയർത്തിയിരുന്നു. ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക് ഏർപ്പെടുത്തിയത്. സ്വകാര്യ വാഹനങ്ങൾക്ക് (വെള്ള നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് അധിക നിറക്കില്ല. ഏഴ് മുതൽ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണമെന്നും നിർദേശിച്ചിരുന്നു.
ബസുകൾക്ക് 600 രൂപയാണ് പ്രവേശന നിരക്ക് ഏർപ്പെടുത്തിയത്. ടെംപോ ട്രാവലറുകൾക്ക് 300 രൂപയും. ടെർമിനൽ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകൾക്കും ടെംപോ ട്രാവലറുകൾക്കുമുള്ള പ്രവേശനം. എന്ന മുൻകൂറായി അറിയിക്കാതെയാണ് പ്രവേശന നിരക്ക് കൂട്ടിയതെന്ന് ക്യാബ് ഡ്രൈവർമാരും യാത്രക്കാരും ആരോപിച്ചു.