വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ചു

ബെംഗളൂരു: വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ച് കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ). ബെംഗളൂരുവിലെ മൂന്ന് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതായി കണ്ടെത്തിയത്. മെയ് 29 ന് സ്കൂളുകൾ വീണ്ടും തുറക്കുന്നത് വരെ ക്ലാസുകൾ നിർത്തിവയ്ക്കാൻ പാനൽ അംഗങ്ങൾ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു.
സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ അനുസരിച്ച്, 2024-25 അധ്യയന വർഷത്തിൽ വീണ്ടും സ്കൂൾ തുറക്കുന്ന തീയതി മെയ് 29 ആണ്. എന്നാൽ പല സ്കൂളുകളും മെയ് 10 ന് തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. കിൻ്റർഗാർട്ടൻ മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചതായി കമ്മീഷൻ കണ്ടെത്തി. രാജാജിനഗർ, ബസവേശ്വരനഗർ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് കമ്മിഷൻ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
വിദ്യാർഥികൾക്ക് അവധി ദിനങ്ങൾ പ്രധാനമാണ്. വേനൽക്കാല അവധിക്കാലം ആസ്വദിക്കാൻ അവർക്ക് അവകാശമുണ്ട്. അവരെ അനാവശ്യ സമ്മർദ്ദത്തിലാക്കാൻ കഴിയില്ല. അതാത് ബോർഡുകൾ അല്ലെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്ന അക്കാദമിക് കലണ്ടർ പാലിക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും കെഎസ്‌സിപിസിആർ ചെയർമാൻ നാഗണ്ണ ഗൗഡ പറഞ്ഞു.