ലാൽ ബാഗ് മാമ്പഴ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽ ബാഗ് മാമ്പഴമേളയ്ക്ക് തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങൾ ഉൾപെടുത്തിയുള്ള മേള ജൂൺ 10 വരെ നീണ്ടുനിൽക്കും. ജിഐ ടാഗ് ചെയ്ത കാരി ഇഷാദ് ഇനമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. അങ്കോളയിൽ നിന്നുള്ളതാണ് ഈ ഇനം.
മാമ്പഴത്തിന് ജിഐ ടാഗ് ചെയ്തതിന് ശേഷം വില ഉയർന്നിട്ടുണ്ട്. നേരത്തെ കിലോയ്ക്ക് 200 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ ഇപ്പോൾ മേളയിൽ കിലോയ്ക്ക് 300 രൂപയാണ് വില. അൽഫോൻസോ, മല്ലിക, കേസർ, ദാഷേരി, റാസ്പുരി, തോതാപുരി, ഇമാം പസന്ദ്, ബദാമി തുടങ്ങിയ മാമ്പഴ ഇനങ്ങളും മേളയിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളാൽ, മാമ്പഴ വിളവ് 20 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 50-70 ശതമാനം ആയിരുന്നു വിളവ്.
ഇത് മാമ്പഴങ്ങളുടെ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇമാം പസന്ദ്, മുൽഗോബ തുടങ്ങിയ ഇനങ്ങൾക്ക് കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ് വില. മല്ലിക, ദസ്സേരി, ബദാമി/അൽഫോൺസോ, രസ്പുരി എന്നിവ കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയാണ്. തോതാപുരി കിലോയ്ക്ക് 50 രൂപ മുതൽ 70 രൂപ വരെയാണ് വില. ഷുഗർ ബേബി ഇനത്തിന് കിലോയ്ക്ക് 200 രൂപ വിലയുണ്ട്. കാലപ്പാട് കിലോയ്ക്ക് 120 മുതൽ 135 രൂപ വരെയാണ്. സിന്ധുര ഇനം കിലോയ്ക്ക് 60 രൂപയ്ക്ക് ലഭിക്കും.