യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; കാസറഗോഡ് സ്വദേശി പിടിയിൽ

ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിന് കാസറഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് അൻസാരിയാണ് (23) പിടിയിലായത്. അൻസാരിയും സുഹൃത്തായ ചിക്കമഗളുരു സ്വദേശിനിയും മെയ് നാലിന് വാടകയ്ക്ക് വീട് എടുക്കാനാണ് ബെംഗളൂരുവിൽ എത്തിയത്. ജെപി നഗറിൽ എത്തിയ ഇരുവർക്കും വാടക വീട് നൽകാം എന്നു പറഞ്ഞു ഓട്ടോ ഡ്രൈവർ സുന്ദർ രാജു ഇവരെ പരിചയപ്പെട്ടു. തുടർന്ന് രാജു ഇരുവരെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വീട്ടിലെത്തിയ രാജു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെ അൻസാരി വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി വെച്ച് രാജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാജു ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയും അൻസാരിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
രണ്ട് യാത്രക്കാർ ചേർന്ന് കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രാജു പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ രാജു കള്ളം പറഞ്ഞതായും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആക്രമണമെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ രാജുവിനെതിരെ പോലീസ് കേസെടുത്തു.