പൊതുസ്ഥലത്ത് മെഡിക്കൽ മാലിന്യം തള്ളിയ സ്വകാര്യ ക്ലിനിക്കിന് പിഴ ചുമത്തി

ബെംഗളൂരു: പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യം തള്ളിയതിന് സ്വകാര്യ ക്ലിനിക്കിന് ബിബിഎംപി പിഴ ചുമത്തി. ഷിഫ ക്ലിനിക്കിനെതിരെയാണ് ബിബിഎംപി 20,000 രൂപ പിഴ ചുമത്തിയത്. വിജയനഗർ പൈപ്പ്‌ലൈൻ റോഡിലെ ഫ്‌ളൈ ഓവറിന് താഴെ വലിച്ചെറിഞ്ഞ സിറിഞ്ചുകളും മരുന്ന് കുപ്പികളും ഉൾപ്പെടെ വൻതോതിൽ മെഡിക്കൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ അനുസരിച്ച് ബയോമെഡിക്കൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ബിബിഎംപിക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താം. ബയോമെഡിക്കൽ മാലിന്യങ്ങളുടെ ബൾക്ക് ജനറേറ്ററുകൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഇതിനോടകം നിലവിലുണ്ട്. എല്ലാവിധ ആരോഗ്യ ക്ലിനിക്കുകളും ഈ നിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കി. സമാനമായി പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതിന് ഗണേഷ് മന്ദിറിലെ ബാനഗിരി വരസിദ്ധി വിനായക ക്ഷേത്രത്തിന് 20,000 രൂപ പിഴ ചുമത്തിയിരുന്നു.