പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം; ഹോട്ടൽ ബില്ലുകൾ സർക്കാർ അടക്കുമെന്ന് മന്ത്രി

ബെംഗളൂരു: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക സംസ്ഥാന സർക്കാർ അടക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ബിൽ തുക കിട്ടിയില്ലെന്ന് മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റ് ആരോപിച്ചത്. പണം കിട്ടാനായി നിയമനടപടിക്ക് തയ്യാറാക്കുകയാണെന്നും ഹോട്ടല്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു.
എന്നാൽ പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനം നടത്തിയാൽ ഇതിന്റെ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നിലവിൽ വന്നതിനാലാണ് ബിൽ തുക അടക്കാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊജക്റ്റ് ടൈഗർ അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് റാഡിസണ്‍ ബ്ലൂ പ്ലാസയിൽ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക ഉൾപ്പെടെയുള്ള താമസച്ചെലവും തുക ലഭിക്കാൻ 12 മാസം വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേർത്തുള്ള തുകയാണ് ഹോട്ടൽ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.
പദ്ധതിയുടെ അമ്പതാം വാര്‍ഷികം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കര്‍ണാടക വനം വകുപ്പും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജംഗിള്‍ സഫാരി പരിപാടിയുടെ ഭാഗമായിരുന്നു. പ്രൊജക്റ്റ് ടൈഗര്‍ അമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചത് കേന്ദ്ര സര്‍ക്കാരായതിനാൽ പണം നല്‍കാനാവില്ലെന്നായിരുന്നു നേരത്തെ കര്‍ണാടകയുടെ നിലപാട്. എന്നാൽ ബിൽ അടക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.