ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ബെംഗളൂരുവിൽ എത്തും. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് 30ന് പ്രജ്വൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. ഉച്ചക്ക് 12.30-ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് പ്രജ്വൽ ബുക്ക് ചെയ്തിരിക്കുന്നത്.
മെയ് 31ന് അർധരാത്രി 12 മണിയോടെ പ്രജ്വൽ ബെംഗളൂരുവിൽ എത്തിയേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. വിമാനത്താവളത്തിലെത്തിയാൽ ഉടൻ അറസ്റ്റുണ്ടാകും. പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.
മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രജ്വൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജർമ്മനിയിൽനിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.