ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ആൽഫ 3 ബിൽഡിംഗിലുള്ള പുരുഷൻമാരുടെ ശുചിമുറിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
എയർപോർട്ട് മാനേജ്മെന്റ് ഉടൻ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും ബോംബ് സ്ക്വാഡും സിഐഎസ്എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിമാനത്താവളത്തിലുടനീളം പരിശോധന നടത്തുകയും ചെയ്തു. വിശദമായ പരിശോധനകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. ബാഗേജ് ചെക്ക്-ഇന്നുകൾ, സുരക്ഷാ പരിശോധനകൾ തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. എന്നാൽ, വിമാന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടർന്നു. സംഭവത്തിൽ എയർപോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.