മഠാധിപതി ഉൾപ്പെട്ട പീഡനക്കേസ്; അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ

ബെംഗളൂരു: ചിത്രദുർഗ മഠാധിപതി ഉൾപ്പെട്ട പീഡനക്കേസിൽ അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ. ചിത്രദുർഗ മരുഗ മഠം മഠാധിപതി ശിവമൂർത്തി മുരുഗശരണരുവിനെതിരെ ചുമത്തിയ പോക്സോ കേസിൽ മൊഴി മാറ്റി നൽകാനും കേസ് പിൻവലിക്കാനും ആവശ്യപ്പെട്ട് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു എന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.
മെയ് 22ന് പെൺകുട്ടിയെ അമ്മാവൻ്റെ വീട്ടിൽ നിന്ന് കാണാതായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മാവൻ പരാതി നൽകി. അതേ ദിവസം തന്നെ പെൺകുട്ടി മൈസൂരുവിലെ ഓടനാടി സേവാ സംസ്‌ഥേ എന്ന എൻജിഒയിൽ എത്തിച്ചേർന്നിരുന്നു. പോക്‌സോ കേസിലെ അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് തന്നെ തടയാൻ അമ്മാവൻ ശ്രമിക്കുന്നതായി കുട്ടി എൻജിഒ അംഗങ്ങളെ അറിയിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയോട് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ശിവമൂർത്തിക്ക് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചിത്രദുർഗയിൽ പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. ഇത് ഏപ്രിൽ 23-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ശിവമൂർത്തി ചിത്രദുർഗ കോടതിയിൽ കീഴടങ്ങിയത്. 2022 സെപ്റ്റംബറിലാണ് ശിവമൂർത്തിയെ ചിത്രദുർഗ പോലീസ് അറസ്റ്റു ചെയ്തത്. മഠത്തിനുകീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചുപഠിക്കുകയായിരുന്ന രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.