ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അതിജീവിതകളെ സംരക്ഷിക്കുമെന്നും അവരുടെ പേര് വിവരങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല.
എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇത്. പുലര്‍ച്ചെ 12.50ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ ഉടന്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏപ്രില്‍ 27നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. തുടര്‍ന്ന് അന്വേഷണ സംഘത്തെ കബളിപ്പിച്ച് 34 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് പ്രജ്വല്‍ തിരികെയെത്തിയത്.