ബെംഗളൂരുവിൽ ടണൽ റോഡ്; പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ ടണൽ റോഡ് പദ്ധതി ശുപാർശ ചെയ്ത് ബിബിഎംപി. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലാണ് റോഡ് നിർമിക്കാൻ പദ്ധതിയിടുന്നത്. വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകളുള്ള 18 കിലോമീറ്റർ ടണൽ റോഡ് ആയിരിക്കും നിർമിക്കുകയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
സെൻട്രൽ സിൽക്ക് ബോർഡ്, ലാൽബാഗ്, ബെംഗളൂരു ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്, കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ഹെബ്ബാൾ മേൽപ്പാലത്തിന് സമീപമുള്ള എസ്റ്റീം മാളിന് സമീപം എന്നിവിടങ്ങളിലാണ് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ആസൂത്രണം ചെയ്യുന്നത്.
സർജാപുര റോഡിനും ഹെബ്ബാളിനും ഇടയിൽ നമ്മ മെട്രോയുടെ വരാനിരിക്കുന്ന മെട്രോ ലൈനിന് സമാന്തരമായി ടണൽ റോഡ് പ്രവർത്തിക്കും. റോഡ് നിർമാണത്തിനുള്ള ടെൻഡർ ബിബിഎംപി ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്. ജൂൺ 14 വരെ ടെൻഡറിനായി അപേക്ഷകൾ സമർപ്പിക്കാം.
അടുത്തിടെ നടത്തിയ സാധ്യതാപഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി തിരഞ്ഞെടുത്തതെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ-ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. 18 കിലോമീറ്റർ ടണൽ റോഡിന് 8,000 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.