തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ബിബിഎംപി, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടീസ് അയച്ചു. നഗരത്തിലെ വിവിധ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻജിടിയുടെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മലിനജല സംസ്കരണ പ്ലാൻ്റുകൾ (എസ്ടിപി) തടാകത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതാണ് ഇതിനു കാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭട്ടരഹള്ളി, മൂന്നേനക്കോളല, ചേലേകെരെ, ഇബ്ലൂർ തടാകങ്ങളിലാണ് ഏറ്റവുമധികം മത്സ്യങ്ങൾ ചത്തത്.
കോതനൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ 2023ൽ മാത്രം 15 ജലസ്രോതസ്സുകളിലായി 20 തവണ മത്സ്യങ്ങൾ ചത്തൊടുങ്ങിയിരുന്നു. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതും ഷെഡ്യൂൾ ചെയ്ത നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതും സംബന്ധിച്ച പിഴവാണ് ഇതിനു കാരണമെന്ന് എൻജിടി ചൂണ്ടിക്കാട്ടി.
ബിബിഎംപിയെ കൂടാതെ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അർബൻ ഡെപ്യൂട്ടി കമ്മീഷണർ, ബെംഗളൂരു ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കും എൻജിടി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം എൻജിടിയുടെ ദക്ഷിണ മേഖലാ ബെഞ്ചിലേക്ക് മാറ്റി. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും.