കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം മുമ്പ് ഡൽഹിയിൽ എയ്റോസ്പേസ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
അടുത്തിടെ ജപ്പാനിലെ കമ്പനിയിൽ ജോലി ലഭിച്ചതിനാൽ കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണ് പഞ്ചാബിലേക്ക് ആകാൻക്ഷ പോയത്. പഞ്ചാബിലെത്തിയ ശേഷം ആകാൻക്ഷ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് കോളേജിൽ നിന്ന് രക്ഷിതാക്കളെ വിളിക്കുകയും ആകാൻക്ഷ ആത്മഹത്യ ചെയ്തെന്ന് അറിയിക്കുകയുമായിരുന്നു. കോളേജ് കെട്ടിടത്തിൽ നിന്ന് നാലാം നിലയിൽ ചാടി ആകാൻക്ഷ ജീവനൊടുക്കിയെന്നാണ് കോളേജ് അധികൃതർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതയായി ആകാൻക്ഷയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.