തൃശ്ശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ഇവര്‍ മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഴിമന്തിക്കൊപ്പം നല്‍കിയ മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കുഴിമന്തി, അല്‍ഫാം കഴിച്ചവര്‍ക്കായിരുന്നു ആരോഗ്യപ്രശ്‌നങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here