ലാഭവിഹിതം കിട്ടിയില്ല; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളർക്കെതിരെ കേസെടുത്തു

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന , വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്. നേരത്തെ പറവ ഫിലിംസിന്റെയും, പാർട്‌ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.
ചിത്രം നിര്‍മ്മിക്കാനായി സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നായിരുന്നു സിറാജിന്റെ ആരോപണം.
അതേസമയം, ചിത്രം ആഗോള തലത്തില്‍ ഇതുവരെ 236 കോടി രൂപ നേടിക്കഴിഞ്ഞു. ഫെബ്രുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്തത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം 20 കോടി ബജറ്റിലാണ് ഒരുക്കിയത്