Home page lead banner

ഒരിക്കൽ ഒരിടത്ത്

Post ad banner after image

അധ്യായം പതിനാല്

രാത്രി മുറിയിൽ തനിച്ചായപ്പോൾ മായയ്ക് ചെറിയ പേടി തോന്നി. പകൽ ഗോപനോട് സംസാരിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഗോപനോട് പറയാൻ ഒരുങ്ങിയതാണ്. പക്ഷെ പറയാൻ കഴിഞ്ഞില്ല.
ഗോപൻ കളിയാക്കിയാലോ.
അതൊരു സ്വപ്നമായിരുന്നു എന്ന്  വിശ്വസിക്കാൻ തന്നെ പ്രയാസം.
ഒരു തരത്തിൽ പറഞ്ഞാൽ ഉണ്ണൂലി പറഞ്ഞ ദുരന്തമൊന്നും ഉണ്ടായില്യാന്ന് ണ്ടോ?. ഗോപൻ അങ്ങിനെ ഒരു സൂചനയും തന്നില്ല. പക്ഷെ ഏട്ത്തി മരിച്ചത് സത്യാണല്ലൊ. ഏട്ടൻ തിരുമേനിയ്ക്ക് ഏട്ത്തിയെ വല്യ ഇഷ്ടമായിരുന്നു, പാട്ട് ആസ്വദിക്കുകയായിരുന്നു എന്നൊക്കെയല്ലേ ഗോപൻ പറഞ്ഞത്. പക്ഷെ പടിപ്പുര മാളികയിലെ നമ്പൂതിരിക്ക് ഏട്ത്തിയെ ഇഷ്ടായിരുന്നൂലോ. ഏട്ത്തിക്കു മതെ. എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞതാവുമോ?
ഏട്ത്തിക്ക് എന്നൊടെന്തോ പറയാനുണ്ടായിരുന്നതു പോലെ. തന്നെ കെട്ടിപ്പിടിച്ചപ്പോൾ പുതഞ്ഞമർന്ന ആ ശരീരത്തിന്റെ സ്പർശം ഓർത്താൽ …ഈശ്വരാ…
മായ ഭയന്ന് ചുറ്റും നോക്കി.ഭയം തരുതരുപ്പായി ശരീരം മുഴുവൻ തിണർത്ത് രോമകൂപങ്ങളെഴുന്നു.!
എല്ലാം കാണിച്ച്, വിഷ്ണുവിനു കത്തെഴുതിയാലോ..?
ഛെ…വിഷ്ണു കളിയാക്കി കൊല്ലും. ഉള്ളിലെ കിടിലം ഒരു ചെറിയ വിറയലുണ്ടാക്കി.
അല്ലെങ്കിൽ താനെന്തിനാ ഇങ്ങിനെ ഭയക്കുന്നത്..അച്ഛൻ പറയാറുള്ളതു പോലെ മരിച്ച് തീയിൽ ദഹിച്ചവർ തിരിച്ചു വരുമോ..? വരില്ലാ..
വരില്ലാ…വരില്ലാ..!
പക്ഷെ ആര്യ ഏട്ത്തിയെ താൻ കണ്ടിട്ടു പോലുമില്ല്ല.എന്നിട്ടും നേരിൽ കണ്ടതു പോലെ.
ഇനിയിപ്പോൾ..,മരിച്ച് ചെല്ലുന്നിടത്ത്…മരിച്ചവർക്കൊക്കെ തമ്മിൽ കാണാനും ഒത്തു കൂടാനും ഒക്കെ കഴിയുമോ ആവോ….ആകാശത്തിന്റെ അകലങ്ങളിൽ അങ്ങിനെ ഒരു സ്ഥലമുണ്ടാവുമോ?
തനിക്കിതെന്തു പറ്റി…
മായ എഴുന്നേറ്റ് മേശ വലിപ്പു തുറന്ന് വിഷ്ണുവിന്റെ കത്തുകളെടുത്തു. ഇന്നെന്തായാലും കുറേ മറുപടികൾ എഴുതാം. വായനശാലയിലേക്ക് കൊടുത്ത ഫോൺ കണക്ഷൻ ഇങ്ങോട്ട് എടുപ്പിക്കണം എന്നു മിക്ക കത്തിലുമുണ്ട്.
കത്തെഴുതാൻ തുടങ്ങിയപ്പോൾ പെട്ടന്നു മായക്ക് ഒരു വാക്ക് പോലും വശമില്ലാത്തതു പോലെ. എന്താണെഴുതുക. ഉണ്ണൂലിയുടെ കഥകളോ? ഉണ്ണൂലിയെ ക്കുറിച്ച് ഓർത്താൽ തന്നെ ഭയമാണ്‌.
സ്വപ്നത്തെ പറ്റി ഉണ്ണൂലിയോട് പറഞ്ഞാലോ..
അതു സ്വപ്നമാണെന്നൊന്നും ഉണ്ണൂലി സമ്മതിക്കില്ല.
ചിലപ്പോൾ മായയ്ക്കും സംശയമാണ്.
മായ ജനാലയ്ക്കലേക്ക് നോക്കി.
വെളുക്കുന്നതിനു മുമ്പേ കുളിക്കാൻ പോകണമല്ലോ എന്നാലോചിച്ചപ്പോൾ ഭയം വർദ്ധിച്ചു.
ഇനിയും എത്ര ദിവസമാണാവോ.  തനിക്ക് ഇതൊക്കെ പേടിയാണെന്നു അമ്മയോട് തുറന്നു പറഞ്ഞാലോ.?
വേണ്ട..
താൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ.
മായ ധൈര്യം സംഭരിക്കാൻ ശ്രമിച്ചു.

അല്ലെങ്കിൽ ഉണ്ണൂലിയെ കൂട്ടിനു വിളിക്കാം. അതുമല്ലെങ്കിൽ വാരസ്യാരോട് കൂട്ടു കിടക്കാൻ വരാൻ പറയാം. വാസ്തവത്തിൽ അമ്മ ചോദിച്ചതുമാണ്. താൻ തന്നെയാണ് വേണ്ടെന്നു പറഞ്ഞത്.
എന്തായാലും…തനിയ്ക്ക് …ഒറ്റക്കിങ്ങനെ… പേട്യാണ്‌.
ആരു കളിയാക്കിയാലും സാരംല്യ…!!
വിഷ്ണുവിനു കത്തെഴുതി നാളെ ഗോപനെ ഏല്പ്പിക്കാം.
ഗോപനോട് സംസാരിച്ചിരുന്നതിനു ഉണ്ണൂലീടെ ഒരു നോട്ടം. അശ്രീകരം. പോയി കഥയുണ്ടാക്കുമോ ആവോ..ഏട്ടന്റെ ചെവിയിലെങ്ങാൻ എത്തിയാൽ..
അല്ലെങ്കിൽ എത്തട്ടെ,..
മായയ്ക്ക് തന്നെ ത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.താനെന്താ ഇങ്ങനെ..?
വെറുതെ ആ ഉണ്ണൂലീടെ ദുരൂഹത നിറഞ്ഞ കഥകളും അന്ധ വിശ്വാസങ്ങളും  മനസ്സിൽ കുത്തിനിറച്ച്, മറ്റൊന്നും ചിന്തിക്കാൻ തന്നെ കഴിയാത്തത് പോലെ.
അന്ധവിശ്വാസങ്ങളാണു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു എന്ന് അച്ഛൻ എപ്പോഴും പറയും.
പക്ഷെ എന്നും ഇങ്ങനത്തെ കഥകൾ കേൾക്കുമ്പോൾ,… അരുതാത്തത് രഹസ്യമായി ചെയ്യുമ്പോഴു ള്ള ഒരു ആവേശവും,അതനുഭവിക്കുമ്പോൾ ഉണ്ടാവുന്ന അപകടകരമായ ആനന്ദ മൂർച്ചയും മായയുടെ ബലഹീനതയായിരുന്നു.
കത്തെഴുതാൻ തുറന്ന പേനയും കടലാസ്സും അങ്ങിനെ തന്നെയിരുന്നു.
ഉറങ്ങിപ്പോയതെപ്പോഴാ ണാവോ ?
ദൂരെ കളപ്പുരയിൽ നിന്നും കൂക്കുമാർപ്പും കേട്ടപ്പോൾ മായ ഞെട്ടിയുണർന്നു.
ധൃതിയിൽ ഇടനാഴി കടന്ന്..തെക്കിനിയിൽ കൂടി കുളപ്പുരയിലേക്ക് കടന്നു. മൂങ്ങകളുറങ്ങ, കാക്കകളുണരുന്ന നേരം. ചക്രവാളത്തിന്റെ അതിരുകൾ വെളുത്തു തുടങ്ങിയിട്ടുണ്ടെങ്കിലും വലിയ അരയാലിന്റെ നിഴലു കാരണം കുളത്തിലിരുട്ടാണ്,
പടവുകളിറങ്ങി.
ചുറ്റും നോക്കിയപ്പോൾ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഈ കുളം, ഈ പടവുകൾ..മറുകരയിലെ അരയാൽ..എല്ലാം എന്തു വ്യക്തമായിട്ടാണു സ്വപ്നത്തിൽ കണ്ടത്.?!
മായ പേടിച്ച് വിറച്ചു.
അധികം ഇറങ്ങാതെ ..മുങ്ങിയെന്നു വരുത്തി. വേച്ചു വീഴാൻ പോയപ്പോൾ മനസ്സ് പിടഞ്ഞു. അതോ ആരെങ്കിലും പിടിച്ചു തള്ളിയോ..ഈശ്വരാ….!!
ഒന്നു കൂടി മുങ്ങാൻ തയ്യാറെടുത്തപ്പോൾ,ആരോ…വിളിച്ചുവെന്നു തോന്നി.
ശ്  …….ശ്  …….!!
മായ പൂർവ്വാധികം ഭയന്നു.
ഉണ്ണൂലി ..പറയാറില്ലേ..തിരുവാതിര ആവുമ്പോൾ..അമ്മ മുങ്ങാൻ വരുമ്പോഴും ഇങ്ങിനെ വിളി കേൾക്കാറുണ്ടെന്ന് ?!
മായ ഒരു വിധം ..വഴുക്കുന്ന പടവുകൾ ഓടിക്കയറി
അതെ…,താൻ ശരിക്കും കേട്ടു.! ആരോ വിളിച്ചു.
തൊഴുത്തു വരേയും മായ ഓടി. ആരോ പുറകേയുണ്ടോ..? നനഞ്ഞ മുണ്ട് കാലിൽ തടഞ്ഞു ഓടാനും കഴിയുന്നില്ല.
ചാണകം എടുത്ത് പേടിച്ച് പേടിച്ച് അടുക്കളയിലേക്കെത്തി നോക്കി. സ്വപ്നത്തിൽ കണ്ടതു പോലെ ആര്യേട്ത്തി…അടുക്കളയിലെങ്ങാൻ …?
കാപ്പിയുണ്ടാക്കുമ്പോഴും,..അതു ഗ്ളാസ്സിലേക്ക് പകരുമ്പോഴും ഒക്കെ മായ വിറച്ചു കൊണ്ടിരുന്നു.
ഉണ്ണൂലിയോട് പറഞ്ഞാലോ…കുളത്തിൽ നിന്ന് ആരോ വിളിച്ചുവെന്ന്.
അന്നു കൂടുതലും മായ മുറിയിൽ തന്നെ കഴിച്ചുകൂട്ടി.
കാതിൽ മന്ത്രിച്ചതു പോലെയുള്ള ആ വിളി….ആ നിശ്വാസം കവിളിൽ തട്ടിയതു പോലെ.
ഉണ്ണൂലി ചോദിച്ചു.
ന്തേ….ആത്തോലിനു സുഖംല്യാന്നുണ്ടോ..?
കത്ത് പോസ്റ്റ് ചെയ്യാനുണ്ടോന്നും ചോയ്ച്ച് ആ വാരരു കുട്ടി രണ്ടു മൂന്ന് തവണ വന്നീർന്നു.
വാരരു കുട്ടിക്ക് വേറെ തൊഴിലൊന്നൂല്യേ.. വ്ടെ ത്തന്നെ…. ങനെ ചുറ്റാൻ.
മായ ഉണ്ണൂലിയെ നോക്കി. മുള്ളുകൾ എഴുന്നു വരുന്ന വാക്കുകൾ.
മായയും ശ്രദ്ധിയ്ക്കായ്കയല്ല. ഗോപനോട് എടുത്ത സ്വാതന്ത്ര്യം ഗോപനെ വീണ്ടും ,വീണ്ടും വരുത്തി. ഏട്ടനെ കാണിക്കാനായി ആവശ്യമില്ലാതെ മായയും എന്തെങ്കിലും സംസാരിച്ചു നില്ക്കും.
അമ്മയ്ക്ക് കഞ്ഞിയെടുക്കാൻ വന്നപ്പോൾ അമ്മിണി വാരസ്യാരുടെ ഒപ്പം മായയും ചെന്നു. അമ്മ പറഞ്ഞതു കേട്ട് ആശ്വസിച്ചു.
നളെയും കൂടി കുളിച്ചാൽ പിന്നെ പഥ്യം മാത്രം നോക്കിയാൽ മതി.,മൂന്നാലു കുളി കഴിഞ്ഞാൽ പിന്നെ അടുപ്പ് ഞാൻ കത്തിച്ചോളാം.
വെള്ളിയാഴ്ച്ച തിരുവാതിരയാണു്.ഇത്തവണ വാരസ്യാരും ഉണ്ണൂലീം മത്യാവും ദേഹണ്ണത്തിന്
ഉണ്ണീല്യല്ലോ..അല്ലെങ്കിൽ വായനശാലേലുള്ള എല്ലാരും ണ്ടാവും ഊണിന്.
എത്ര നാളായീശ്വരാ…ന്റെ കുട്ടി പോയിട്ട്. ക്ഷീണിച്ചോ ആവോ ?
ഗോപൻ പറഞ്ഞീർന്നൂലോ…ഉണ്ണി കുറേ ഫോട്ടോ അയച്ചീർന്നു. മായക്കുട്ടീടെ കയ്യിലുണ്ട്ന്ന്.
മായ ഞെട്ടി. എന്റീശ്വരാ…
രണ്ടു ദിവസം മുമ്പ് വന്ന തടിച്ച കവർ ഫോട്ടോകളാണോ…?
മായ ഓടി ഗോവണി ഇറങ്ങി..മുറിയിലെത്തി കവർ തുറന്നു നോക്കി.

വര/ ബ്രിജി കെ.ടി.

വിഷ്ണുവിനെ കണ്ടപ്പോൾ മായക്ക് അടക്കാനായില്ല.ഓഫീസിലും. മറ്റു പല സ്ഥലങ്ങളിലും നില്ക്കുന്ന ഫോട്ടോ. വിഷ്ണു പെട്ടന്നു മുറിയിൽ കയറിവന്നതു പോലെ. മായ പൊട്ടിക്കരഞ്ഞു. താൻ വിഷ്ണുവിനെ എത്രമാത്രം സ്നേഹിക്കുന്നു വെന്ന് മായ ഓർത്തു.
താനെന്തേ ഇങ്ങിനെ ..? താളം തെറ്റിയ മനസ്സ്..ഒക്കെ കീഴ്മേൽ മറിഞ്ഞതു പോലെ.
പെട്ടന്ന് ഫോട്ടൊകളെല്ലാം വാരിക്കൂട്ടി മായ അമ്മയുടെ മുറിയിലേക്കോടി.
ഞാൻ അങ്ങട് മറന്നതാ,,,കാണിക്കാൻ. വലിയ ഒരു നുണ പറഞ്ഞു.
ഏട്ടനേം വിളിക്കൂ ട്ടോ കുട്ട്യേ.
ഫോട്ടൊ കയ്യിൽ പിടിച്ചു അമ്മ കരയാൻ തുടങ്ങി.
ഒരു പാട് ക്ഷീണിച്ചു…ന്റെ ..കുട്ടീ.
ഉണ്ണൂലി,… വിഷ്ണുവിന്റെ …മീശയില്ലാത്ത ഒരു പടം എടുത്തു കാണിച്ചു.
തമ്പുരാട്ടി ..ഇതു കണ്ടോ..തനി സായ്പ്പ്.
ങട്…താ.നോക്കട്ടെ.
ഏട്ടനും എത്തി. വിഷ്ണുവിനെ കാണുന്ന ആ ഉത്സവത്തിനിടയിൽ.., മായ പതുക്കെ മുറിയിലേക്ക് പോന്നു.
കവറിലെ കത്ത് എടുത്ത് വായിച്ച മായ നടുങ്ങി.
ഒരുപാട് പരിഭവങ്ങളോടെ തുടങ്ങിയിരിക്കുന്ന കത്തിൽ വിഷ്ണുവിനെ മറ്റൊരു രഹസ്യ പ്രോജക്ടിലേക്ക് നിയോഗിച്ചുവെന്നും അടുത്തൊന്നും വരാൻ പറ്റില്ല എന്നുമാണ്.
മായയുടെ  നിറഞ്ഞകണ്ണൂകൾ കണ്ട് വിഷ്ണു പറയുന്നതു പോലെ തോന്നി.
അടുത്ത വരി വായിക്കടോ…
…‘അതുകൊണ്ട്, മായയുടെ പാസ്പ്പോർട്ടും വിസയുമൊക്കെ റെഡിയാക്കാൻ  വിഷ്ണുവിന്റെ ഓഫീസ് എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.’
ഗോപനെ അറിയിച്ചിട്ടുണ്ട്. മായയുടെ സർട്ടിഫിക്കറ്റുകളും മറ്റും ഗോപനെ ഏല്പ്പിച്ചാൽ മതി. തൽ ക്കാലം അമ്മയേയും ഏട്ടനേയും അറിയിക്കണ്ട. അമ്മ പാവം വിഷമിക്കും. എല്ലാം ശരിയാവുമ്പോൾ സാവധാനം പറഞ്ഞു മനസ്സിലാക്കാം.
മായയുടെ അച്ഛനും എഴുതിയിട്ടുണ്ട്.
വിഷ്ണു അങ്ങേയറ്റം സന്തോഷത്തിലാണ്.
കത്തെഴുതാത്തതിനും,..മറ്റും തക്കതായ ശിക്ഷ ഇവിടെ വരുമ്പോൾ തരുന്ന താണ് എന്നെഴുതിയത് വായിച്ച പ്പോൾ മായ നാണിച്ച് ചുവന്നു പോയി. വിഷ്ണുവിന്റെ മാത്രം മായക്കുട്ടിയായി വേഗം അങ്ങെത്താൻ കൊതിച്ചു.!
പുതിയ സ്ഥലമാണെങ്കിലും സാരമില്ല. ഇവിടെ ഒറ്റയ്ക്ക് വയ്യാ..
തനിക്ക് പിടിച്ചാൽ കിട്ടാത്ത ഒരു ഭ്രാന്തൻ കുതിരയെ പ്പോലെ മനസ്സ് എങ്ങോട്ടൊക്കെയോ പായുന്നു.
ഗോപൻ മുറ്റത്ത് വന്നു നില്ക്കുന്നുണ്ടായിരുന്നു. മായക്ക് പോകാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്  ആരും കേൾക്കതിരിക്കണം തത്ക്കാലം.
മായ ശബ്ദം താഴ്ത്തി.
സർട്ടിഫിക്കറ്റൊന്നും ഇവിടെയില്ല. എല്ലാം അമ്മാത്ത് ആണ്.
എല്ലാം കോപ്പി എടുത്ത്, ഓഫീസിലേക്കയച്ചു കൊടുക്കാൻ പറഞ്ഞിട്ടുണ്ട് വിഷ്ണുവേട്ടൻ. നാളെ പോകാം. അമ്മാത്ത് എന്തെങ്കിലും പറയാനുണ്ടോ.
എന്താ അവടെ ഗോപാ..?
ഈശ്വരാ..ഏട്ടനാണ്.
മായ നിമിഷം കൊണ്ട് അകത്തേക്ക് പോയി.
ഗോപനു എന്തെങ്കിലും വേണം ന്ന് ച്ചാൽ.., വടെ വാല്യക്കരുണ്ട്…. ആവാം.
അകത്തുള്ളോരോടല്ല അന്വേഷിക്കണ്ടത്..മനസ്സിലായോ ?
ഏട്ടൻ നല്ല കോപത്തിലാണ്‌.
അല്ലാ…കത്തു വല്ലതുമുണ്ടോന്നു….
കത്ത്.. കത്ത്..ഇനി. ഗോപൻ ബുദ്ധിമുട്ടണമെന്നില്ല. വാല്യക്കാരെ വിട്ട് മേടിപ്പിച്ചോളാം എയർ മെയിലും മറ്റും….ന്താ ?
തിരുമേനി ..എന്തോ തങ്ങളെ സംശയിക്കുന്നുണ്ടെന്ന് തോന്നുന്നു. കളപ്പുരയിൽ ഇരുന്നു സംസാരിച്ചതിനു ആ നശിച്ച തള്ള കഥയുണ്ടാക്കിയിട്ടുണ്ടാവും.
മായയോട് സംസാരിച്ചിരിക്കാൻ ഇഷ്ടമാണ്. എന്നാൽ മായ വിഷ്ണുവേട്ടന്റെ ഭാര്യയാണെന്നും, തന്റെ അമ്മ ജോലിക്കെത്തുന്ന ഇല്ലത്തെ വധുവാണെന്നുമുള്ള ബോധമൊക്കെ ഈ ഗോപനുണ്ട് .
തിരുമേനിയോട് തക്ക മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഗോപൻ പല്ലിറുമ്മി.
വിഷ്ണുവേട്ടൻ ഏല്പ്പിച്ച കാര്യം ചെയ്യണമെങ്കിൽ ഇനി എന്തു ചെയ്യും എന്നറിയില്ല.
മായയുടെ പാസ്സ് പോർട്ടും, മറ്റു കാര്യങ്ങളും ശരിയാക്കാൻ, പല പ്രാവശ്യം മായയെ കാണേണ്ടതുണ്ട്.
മായ ഏട്ടന്റെ മുമ്പിൽ ചെന്ന് പെടാതെ ,തെക്കിനിയിലൂടെ അടുക്കളയിലെത്തി.
ഗോപന്റെ അമ്മയും, ഉണ്ണൂലിയും, പിന്നെ ഒന്നു രണ്ട് സ്ത്രീകളും. എല്ലാവരും പണിത്തിരക്കിലാണ്.
ഉരുളിയിൽ കായുന്ന വെളിച്ചണ്ണയുടെ മണം. ശർക്കര ഉരുകുന്നതിൽ ഏലക്കായ പൊടിച്ചതും, ജീരകവും എള്ളും മൊരിയുന്ന സുഗന്ധം.
ഞാൻ സഹായിക്കണോ..മായ ചോദിച്ചു.
ഹായ്…ഹായ്.. ഇന്നെന്താ ആത്തോലു വല്യ സന്തോഷത്തിലാണല്ലോ.
നാളികേരം ചിരകുന്ന പെണ്ണൂങ്ങൾ തലയുയർത്തി. മായയെ നോക്കിയങ്ങനെ ഇരിക്കുന്നതു ശ്രദ്ധിച്ച ഉണ്ണൂലി പറഞ്ഞു.
ന്താ…പ്പോ…തമ്പുരാട്ടിയെ കണ്ടിട്ടില്ലേ..?തല കീപ്പട്ട് അങ്ങട് ഇട്വാ…ന്ന്ട്ട് നാളികേരത്തിന്റെ പണ്യങ്ങട് നടക്കട്ടെ.
ആത്തോലിനു ചായേടെ സമയം കഴിഞ്ഞണ്ണു. ഉണ്ണൂലി വറുത്ത് കോരിവെച്ചിരിക്കുന്ന നെയ്യപ്പം രെണ്ണം എടുത്ത് നീട്ടി
ഹേയ്..വേണ്ട…ചൂടാറട്ടെ.
അമ്മയ്ക്ക് കഞ്ഞി വൈകണ്ടാ ട്ടോ..തമ്പുരാട്ടിക്കുള്ള ആരിവേപ്പിന്റെല ഒടിച്ച്വൊ ആവോ..ല്ലെങ്കി അപ്പോ ഓടണ്ടീരും .
മായ അടുക്കളയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വാല്യക്കാരത്തി ശ്വാസ്ത്തിനിടയിൽ കൂടി രഹസ്യം പറഞ്ഞത് മായക്ക് മനസ്സിലായില്ല.
എത്ര മാസാണാവോ..
ഉണ്ണൂലി തട്ടിക്കയറി.
എന്ത്..?
അല്ലാ…തമ്പ്രാട്ടിക്ക് ഒരു വിളർച്ച…
അസംബന്ധം പറയാണ്ടെ പൊക്കോളൂണ്ടൊ..വാരസ്യാരു ദേഷ്യപ്പെട്ടു.
ഇണ്ടാവുമ്പൊ അറീക്കണ്ണ്ട്..ഹല്ല പിന്നെ..
ഞാനങ്ങട് പോവ്വായി ഉണ്ണൂല്യേ.. മോന്ത്യായിരിക്കണൂ. നിറച്ചും ഇഴ ജന്തുക്കളാ.
വരസ്യാരു എഴുന്നേറ്റു.
രാത്രി…, മായ ഊണു കഴിക്കാൻ വന്നപ്പോൾ ഉണ്ണൂലി എന്തൊക്കെയോ കൊണ്ടുവന്ന് മായയെ ഉഴിഞ്ഞു അടുപ്പിൽ കൊണ്ടിട്ടു.
പൊട്ടലും ചീറ്റലും ഒക്കെയായി നല്ല കട്ടപ്പുക പുറത്തു ചാടി. മായ ചുമയ്ക്കാൻ തുടങ്ങി.
ന്താ ദ് …ഉണ്ണൂല്യേ..
ആ പെണ്ണുങ്ങളു ആത്തോലിനെ കണ്ണിട്ടു. ഒക്കെ പൊക്കോട്ടെ.
പിന്നെ മനുഷ്യർക്ക് ആളെ നോക്കാൻ പാടില്യാന്ന്ണ്ടോ.
മാത്രം ല്ലാ.. അതാ പിന്നാമ്പുറത്തെ പുളിമരത്തിൽ ഇരുന്നു കൂവ്വാണേയ്.
എന്ത്…..?
കാലം കോഴി…!
മായ പേടിച്ചു ചുറ്റും നോക്കി.
അടുത്ത് കൂവ്യാൽ അകലെ മരണം.!
മായ അറിയാതെ ഞെട്ടി. ആരാ…പ്പൊ മരിക്കാൻ
അയ്യോ വിഷ്ണു ദൂരെയല്ലേ..അമ്മാത്തും.
ആട്ടിപ്പായിക്കതിനെ…..
ഉണ്ണൂലി പോണില്ല്യാലോ.
മായ വേഗം വാതിലുകളെല്ലാം കൊട്ടിയടച്ച് ഇടനാഴിയിലൂടെ മുറിയിലേക്കോടി.
നടുമുറ്റത്തേക്ക് വീഴുന്ന ഒരു കീറു വെളിച്ചം. മച്ചിൽ,ഏട്ടന്റെ മുറിയിൽ ലൈറ്റുണ്ട്.
ഇവിടെയൊക്കെ എത്ര വലിയ ബൾബിട്ടാലും വെളിച്ചം കിട്ടില്ല.
സൂര്യൻ മറയുന്നതു വരെ എവിടെയോ പതുങ്ങിയിരിക്കുന്ന ഇരുട്ടു മുഴുവൻ ഈ തൊടിയിലെ  മരങ്ങളിലാണു ചേക്കേറുന്നത് എന്നു തോന്നും.
തിരുവാതിരക്കാലമായതു കൊണ്ട് ഈ മുന്നിരുട്ട് സാരംല്യാ. നിലാവുദിച്ചാൽ വെളിച്ചമായി.പക്ഷെ നിലാവ് കൂട്ടിക്കൊണ്ടു പോകുന്ന മറ്റൊരു ലോകം.!
മായ മുറിയിൽ കയറി കതകടച്ചു.
ഇന്നെന്തായാലും വിഷ്ണുവിനു എഴുതണം. ഒരെണ്ണം അച്ഛനും. ഗോപൻ ചെല്ലുമ്പോൾ വിവരങ്ങൾ നേരിട്ട് പറയും എന്നെഴുതാം.
എന്തായാലും ഇത്തവണ കത്തു വായിക്കുമ്പോൾ വിഷ്ണുവിനും സന്തോഷമാവും. അമേരിക്കയിലേക്ക് വരാൻ ഒരു നൂറു വട്ടം സമ്മതമാണെന്നറിയിക്കണം.
ഇവിടെയിങ്ങനെയിരുന്നാൽ പേടിച്ചു പേടിച്ചു ചത്തു പോകും.
അമേരിക്കയിലും ഉണ്ടാവുമോ  പ്രേതങ്ങളും,യക്ഷികളും, ഒടിയന്മാരുമൊക്കെ..എന്നു വെറുതെ വിഷ്ണുവിനെ ചൊടിപ്പിക്കാം.
മായ പേപ്പറും,പേനയുമെടുത്ത് എഴുതാനിരുന്നു.
പ്രിയപ്പെട്ട വിഷ്ണു…വേണ്ട…ഡിയർ വിഷ്ണു…
ഈശ്വരാ…എനീപ്പോ…അവടെ ചെല്ലുമ്പോ ഇംഗ്ളീഷൊക്കെ പറയണ്ടേ.

മായ എഴുതാൻ തുടങ്ങിയപ്പോൾ വല്ലാത്ത ക്ഷീണം. ശരീരമൊക്കെ വേദനിക്കുന്നതു പോലെ. നാളെ നേരത്തെ എഴുന്നേല്ക്കണമല്ലോ .. എന്നോർത്തപ്പോൾ ക്ഷീണം വർദ്ധിച്ചു.
അമ്മയുടെ അമ്മാത്ത് നിന്നും ആരൊക്കെയോ വരുന്നുണ്ട് കാണാൻ.. പിന്നെ തിരുവാതിരയ്ക്ക് അഫന്റെ ഇളയമകളും കൂട്ടുകാരികളും വേറെ .
ആചാരങ്ങൾ ഒക്കെ  കണ്ട്, ഭഗവതിയോടൊപ്പം കുളിക്കലും, ഊഞ്ഞാലാടലും ഒക്കെ ഫോട്ടൊ എടുക്കാൻ..!
ഉണ്ണൂലീടെ ഭാഷയിൽ ..‘പ്രാന്തി കുട്ട്യോള്‌.’ !
നല്ല ഉറക്കം വരണുണ്ട്. വിഷ്ണുവിന് ഇനി നാളെ എഴുതാം.
മായ വന്നു കിടന്നു. ലൈറ്റണച്ചപ്പോൾ ചാടിവീണ ഇരുട്ട് കണ്ട് പേടിച്ചു. ജനൽ തുറന്നിടാനും പേടി.
ചീവീടുകൾ അസഹ്യമായൊരു താളത്തിൽ, രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചു. ഇത്തിരിപ്പോന്ന ഒരു സാധനം ഇണയെ വിളിക്കുന്ന ശബ്ദം. പെണ്ണിനു കാത് കേൾക്കില്ലായിരിക്കും. മായ സ്വയം പുഞ്ചിരിച്ചു.
കാലത്തിന്റെ മെതിയടി ശബ്ദം മാത്രം താളത്തിൽ ചലിച്ചു. ഇരുന്നൂറോ മറ്റോ കൊല്ലങ്ങളുടെ  പഴക്കമുണ്ടത്രെ ആ ക്ളോക്കിനു.!
പെട്ടന്നു മണിമുഴങ്ങിയപ്പോൾ മയങ്ങിപ്പോയ മായ ഒന്നു ഞെട്ടി. പക്ഷെ എണ്ണം കിട്ടിയില്ല. എത്ര മണിയാവോ. വാച്ച്  ആണെങ്കിൽ കീ കൊടുക്കാതെ എന്നോ ചത്തു.
മായ  സാവധാനം ഉറക്കത്തിന്റേയും ഉണർവ്വിന്റേയും വലിയ ഇടനാഴിയിൽ തപ്പിത്തടഞ്ഞു.!

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/

The post ഒരിക്കൽ ഒരിടത്ത് appeared first on News Bengaluru.

Powered by WPeMatico
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!