സ്കൂൾ പാഠപുസ്തകങ്ങളുടെ 95 ശതമാനവും വിതരണം ചെയ്തുവെന്ന് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് 95 ശതമാനം പാഠപുസ്തകങ്ങളും ഇതിനകം സ്കൂളുകളിൽ എത്തിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ ഈ മാസത്തിനകം വിതരണം ചെയ്യുമെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. വേനലവധി കഴിഞ്ഞ് സ്കൂളുകൾ ബുധനാഴ്ച തുറന്നതോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിനാൽ ഇത്തവണ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പുതുക്കിയ പാഠപുസ്തകങ്ങൾ വെബ്സൈറ്റിലും ലഭ്യമാണ്. കോവിഡ് വ്യാപകമായതോടെ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം നിർത്തിയിരുന്നതായി മന്ത്രി പറഞ്ഞു. എങ്കിലും മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം സൈക്കിൾ വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
6,000 ഗ്രാമപഞ്ചായത്തുകളിൽ 3,000 കർണാടക പബ്ലിക് സ്കൂളുകൾ സ്ഥാപിക്കുമെന്നും രണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് ഓരോ സ്കൂൾ വീതം അനുവദിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനു പുറമെ 600 സ്കൂളുകൾ സർക്കാർ നവീകരിക്കും. വിദ്യാർഥികൾക്ക് ഷൂസും സോക്സും വാങ്ങാൻ സ്കൂൾ വികസന മോണിറ്ററിംഗ് കമ്മിറ്റികൾക്ക് (എസ്ഡിഎംസി) പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.