വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തെന്ന് ആരോപണം; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതി

ബെംഗളൂരു: മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി ബിജെപി. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബെംഗളൂരു ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാമോജി ഗൗഡക്കെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഗൗഡയെ അയോഗ്യനാക്കണമെനന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച പ്രകടന പത്രികയ്ക്കൊപ്പം ഗൗഡ വോട്ടർമാർക്ക് പാത്രങ്ങൾ വിതരണം ചെയ്തതായി ബിജെപി പരാതിയിൽ ആരോപിച്ചു. വിതരണത്തിനായി വാഹനത്തിൽ കയറ്റിയ സമ്മാനപ്പൊതികൾ തെളിവായി ബിജെപി നേതാക്കൾ ഹാജരാക്കിയിട്ടുണ്ട്.
ആനേക്കൽ താലൂക്കിലെ നെരലൂർ വില്ലേജിലെ മറ്റൊരു ഗോഡൗണിലും സമാനമായ പെട്ടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസും മറ്റ് ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥി ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്. ഗൗഡക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ പരാതിയിൽ പറഞ്ഞു. ജൂൺ മൂന്നിനാണ് കൗൺസിൽ തിരഞ്ഞെടുപ്പ്. ആറിന് വോട്ടെണ്ണൽ നടക്കും.