ശ്രീനഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിനെതിരെ ബോംബ് ഭീഷണി

ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർലൈൻസിന്റെ UK-611 വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 12.10ഓടെ വിമാനം സുരക്ഷിതമായി ശ്രീനഗർ എയർപോർട്ടിലിറക്കി. ബോംബ് ഭീഷണിയുള്ളതിനെത്തുടർന്ന് ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയ ശേഷമാണ് തുടർ നടപടികൾ സ്വീകരിച്ചത്. യാത്രക്കാരെ സുരക്ഷിതമായി തിരികെയിറക്കി.
പരിശോധനകൾക്ക് ശേഷം വിമാനത്തിന് വീണ്ടും യാത്രയ്ക്കുള്ള അനുമതി നൽകി. വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി വിസ്താരയും സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുപോയ ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു.