മുൻ മാനേജരുടെ കൊലപാതകം: ദേരാ മേധാവി ഗുര്‍മീത് റാം റഹിമിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

രഞ്ജിത് സിങ് വധക്കേസില്‍ വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങിനെ വെറുതേ വിട്ട് പഞ്ചാബ് ഹരിയാന ഹൈകോടതി. ദേരയുടെ മുന്‍ മാനേജരായിരുന്ന രഞ്ജിത് സിംഗ് 2002-ല്‍ വെടിയേറ്റ് മരിച്ച കേസിലാണ് നടപടി.
ആശ്രമത്തിലെത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ റാം റഹീം ഇപ്പോള്‍ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ റോഹ്താക്കിലുള്ള സുനേറിയ ജയിലിലാണ് റാം റഹീമിനെ അടച്ചിരിക്കുന്നത്. 2002ല്‍ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസില്‍ ഗുർമീത് റാം റഹിമിനെ ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
കോടതി വിധിക്കെതിരെ ഗുർമീത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അവതാർ സിങ്, കൃഷൻ ലാല്‍, ജസ്ബീർ സിങ്, സാബ്ദില്‍ സിങ് എന്നിവരെയാണ് ഗുർമീതിനൊപ്പം ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളില്‍ ഒരാള്‍ വിചാരണ നടക്കുമ്പോൾ മരണപ്പെട്ടിരുന്നു.