ഐപിഎൽ കരിയർ മതിയാക്കി ഇന്ത്യൻ ഇതിഹാസ താരം ദിനേഷ് കാർത്തിക്

ഐപിഎൽ 2024 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ ഐപിഎൽ കരിയർ അവസാനിപ്പിച്ച് ആർസിബിയുടെ ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്. ഈ സീസണ് ശേഷം ഐപിഎൽ മതിയാക്കുമെന്ന് കാർത്തിക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ആർസിബിയുടെ കുതിപ്പ് എലിമിനേറ്ററിൽ അവസാനിച്ചതോടെ കാർത്തിക്കിന്റെ ഐപിഎൽ കരിയറിനും അവസാനമാവുകയായിരുന്നു. രാജസ്ഥാനെതിരായ കളിക്ക് ശേഷം ആർസിബി താരങ്ങൾ കാർത്തിക്കിന് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം കാർത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു.
257 മത്സരങ്ങളിൽ നിന്ന് 4,842 റൺസാണ് ഐപിഎല്ലിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതിൽ 22 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2008-ൽ ഡൽഹിയിലൂടെയാണ് അദ്ദേഹം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത എന്നീ ടീമുകളുടെയും ഭാഗമായി. ആർസിബിക്കായി ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 326 റൺസും സ്വന്തമാക്കി.
2008 ലെ ആദ്യ സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിരം സാന്നിധ്യമായിരുന്നു ദിനേഷ് കാർത്തിക്ക്. ഇതുവരെ നടന്ന 17 സീസണുകളുടെയും ഭാഗമായ അദ്ദേഹം ആറ് വ്യത്യസ്ത ടീമുകൾക്കായി കളിച്ചു. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.