കേരളത്തിൽ വീണ്ടും മഞ്ഞപ്പിത്തം ബാധയേറ്റ് മരണം

കേരളത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എറണാകുളം വേങ്ങൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പതിനൊന്നാം വാർഡില്‍ താമസിക്കുന്ന കാർത്ത്യായനിയാണ് (51) മരണപ്പെട്ടത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് കാർത്ത്യായനിയെ ആദ്യം പെരുമ്പാവൂർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. 227 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ചും ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് എത്തിയപ്പോഴാണ് വെസ്റ്റ് നൈല്‍ ബാധയേറ്റത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.